ബയാസിലെ കുളി....

Vishu Satheeshan
blog-image


മൂന്നു ദിവസത്തെ ട്രെയിൻ യാത്രക്കൊടുവിൽ, മൂന്നാം ദിവസം വൈകിട്ട് ആറു മണിയോടെ ചണ്ഡീഗഡ്‌ എത്തി. രണ്ടു വർഷങ്ങൾക്കു ശേഷം പിന്നെയും ചണ്ഡീഗഡ്ഡ് . വലിയ ബാക്ക് പാക്കുകൾ ഉള്ളതിനാൽ ഇറങ്ങിയ ഉടനെ ആളുകൾ അടുക്കാൻ തുടങ്ങി, പലരും പല തരത്തിലുള്ള ഓഫറുകളുമായി. മനാലിയിൽ പോകാൻ കാർ വേണോ, ബസ് വേണോ എന്നൊക്കെ..... ചുരുക്കം പറഞ്ഞാൽ ക്യാഷ് കൊടുത്താൽ തലയിൽ വെച്ചായാലും അവർ നമ്മളെ മനാലിയിൽ എത്തിക്കും. ബസിൽ പോകാം എന്ന് കരുതിയ ഞങ്ങൾ, പത്ത്‌പേരുള്ളതിനാലും വലിയ ക്യാഷ് വ്യത്യാസം ഇല്ലാത്തതിനാലും ഒരു ട്രാവല്ലറിൽ പോകാം എന്ന് കരുതി. അതാകുമ്പോൾ കുറച്ചുകൂടി സൗകര്യമുണ്ട്..

നിങ്ങൾ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിൽക്കു അവിടെ ചായ കുടിച്ചു നിൽക്കുമ്പഴത്തെക്കും ട്രാവലർ അവിടെ വരും എന്ന്പറഞ്ഞിട്ടു ഏജന്റ് നമ്മളെയും കൂട്ടി സ്റ്റേഷന് വെളിയിലെത്തി.. അപ്പോഴേത്തേക്കും ഏഴു മണി ആകാറായി. സൂര്യൻ ഫിൽറ്റർ ഇട്ട പോലെ അടിപൊളിയൊരു മഞ്ഞ വെട്ടമായിരുന്നു അവിടെ മുഴുവനും.

രണ്ടു വർഷങ്ങൾക്കു മുന്നേ ഇതേപോലെ തന്നെ പ്ലാൻ ചെയ്ത ഹിമാലയൻ യാത്രക്ക് വന്നപ്പോഴും ഈ നഗരത്തെ കുറിച്ചു കൂടുതൽ അറിഞ്ഞതാണ്. അന്ന് ലഭിച്ച പ്രിയപ്പെട്ട നിമിഷങ്ങൾ ഞാൻ അവിടെ ഇവിടെയൊക്കെ വെറുതെ പരതി നോക്കി... അന്നിവിടെ ഒരു ദിവസം തങ്ങിയിട്ടാണ് മനാലിക്കു തിരിച്ചത്.

ഒരുപക്ഷേ ഇന്ത്യയിലെതന്നെ ഏറ്റവും നല്ല നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം തന്നെയാണ് ചണ്ഡീഗഡ് എന്ന ക് ളീൻ സിറ്റി... റോഡുകളും കെട്ടിടങ്ങളും ആദ്യം പ്ലാൻ ചെയ്തു പിന്നീട് ജനവാസം തുടങ്ങിയ പ്ലാൻ ഡ് സിറ്റി..

ചായ പെട്ടെന്നു കുടിക്കാൻ ഏജന്റിന്റെ നിർദ്ദേശം. ചായ കുടിച്ചു കഴിഞ്ഞു റോഡിന്റെ സൈഡിൽ നിൽക്കണം, വണ്ടി വരാൻ സമയമായെന്നു. പതുക്കെ അങ്ങോട്ടു നടന്നു നീങ്ങി.. കുറച്ചു നേരമവിടെയിരുന്നു. എന്നിട്ടും വണ്ടി വന്നില്ല. ഏജന്റ് പുള്ളി അവിടെ,ഇവിടെ നോക്കുന്നു. അപ്പഴേക്കും ഏഴരയാകാറായി. സൂര്യനിതുവരെ അസ്തമിച്ചിട്ടില്ല. നമ്മുടെ നാട്ടിലെ ആറുമണിയുടെ പ്രതീതി.. ഈ സമയത്താണ് അപ്പുറത്തു ഒരു വണ്ടിയിൽ റൊട്ടി കച്ചവടം ചെയ്യുന്നതു ആശിഷിന്റെ കണ്ണിൽപ്പെട്ടതു. ഒരു കവർ ഇരുപതുരൂപ. അഞ്ചു റൊട്ടിയും, കറിയും പുള്ളി മൈക്ക് സെറ്റ് വെച്ചു അനൗൻസ്‌ചെയ്തു വൻ കച്ചവടം. കേന്ദ്ര സർക്കാരിന്റെ എന്തോ പദ്ധതിയാണെന്നൊക്കെ പുള്ളി അടിച്ചു വിടുന്നുണ്ട്. എന്തായാലും വാങ്ങാം എന്നു കരുതി. ഇരുപതു രൂപയല്ലേ ഉള്ളു എന്നുള്ളതാണ് മേടിക്കാൻ പ്രേരിച്ച പ്രധാനഘടകം. എന്തായാലും റൊട്ടിയൊക്കെ വാങ്ങി സെറ്റായി. അപ്പോഴേക്കും വണ്ടി വന്നു. നമ്മുടെ നാട്ടിൽ സാധാരണയായി നല്ലവാതിലിനും , കല്യാണത്തിനുമൊക്കെ ഓടാറുള്ള സ്ഥിരം ടെമ്പോ ട്രാവല്ലർ. അതിലിനി സ്റ്റിക്കർ ഒട്ടിക്കാൻ ഒരിഞ്ചു സ്ഥലം പോലുമില്ല... സാധനങ്ങൾ എല്ലാം തന്നെ എടുത്തു വെച്ചു പുറപ്പെടാൻ തയ്യാറായി ഓരോത്തർ അവരവരുടെ സീറ്റുകൾ പിടിക്കുവാൻ തുടങ്ങി. ഞാനും അൻസറും മുന്നിൽ സ്ഥലം പിടിച്ചു. വണ്ടി എടുക്കുന്നെനു മുന്നെ തന്നെ ഞാൻ ഒരു ഛർദിക്കുള്ള ഗുളിക കഴിച്ചു. അല്ലേൽ മനാലി വരെ ഞാൻ ഗുദാ ഗവാ ആയിപ്പോകും... വണ്ടി സ്റ്റാർട്ട് ചെയ്തു പതുക്കെ പോയിതുടങ്ങി... എട്ടു മണിയാകാറായി. അപ്പഴേക്കും പതുക്കെ ഇരുണ്ടു തുടങ്ങി.

ഇൻഡ്യയിലെ മറ്റുള്ള പ്രധാന നഗരങ്ങളിൽ നിന്നുമെല്ലാം ചണ്ഡീഗറിനുള്ള ഏറ്റവും വലിയ പ്രത്യേകത, ഒരു പഴയ രീതി ഇവിടെ പുനർസ്ഥാപിചിട്ടില്ല എന്നുള്ളതാണ്. റോഡുകളും, കെട്ടിടങ്ങളും എല്ലാം തന്നെ ഒരു പ്ലാനിങ്ങോടെ യൂറോപ്യൻ രാജ്യങ്ങളെ പോലെ ചിട്ടയായ ചുറ്റുവട്ടത്തോടെ പോകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. സ്ഥലങ്ങൾ എല്ലാം തന്നെ സെക്ടറായി തിരിച്ചു മാലിന്യങ്ങൾ പൂർണ്ണമായും ഒഴിവാക്കിയ വൃത്തിയുള്ള നഗരം...

പതുക്കെ വീണു തുടങ്ങിയ ഇരുട്ടു താമസിയാതെ പൂർണമായി വീണു. അതോടെ വിശപ്പിന്റെ വിളി വന്നു. നമ്മുടെ സർക്കാരിന്റെ റൊട്ടി കഴിക്കാമെന്നു കരുതി അതെടുത്തു കഴിച്ചുതുടങ്ങി. ഇരുപതു രൂപക്ക് ഇതു അമൃതാണ്. നല്ല മയമുള്ള അഞ്ചു റൊട്ടി. നല്ല കിടുക്കൻ ഗ്രീൻ പീസ് കറിയും. വയറു കൂടാതെ മനസ്സും നിറഞ്ഞു. ജഗതിയെ പോലെ ഇനി സ്വൽപ്പം മൂസിക്ക് ആകാമെന്നു കരുതി ഓക്സ് കേബിൾ കുത്താൻ നോക്കി. പഠിച്ച പണി പലതും നോക്കി നടക്കുന്നില്ല. ചേരൻ അവസാനം വണ്ടിയുടെ മീഡിയപ്ലെയർ ഊരി പണിയുന്നതു വരെ കണ്ടു. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്നു മനസിലായതോടെ ഞാനും അഖിലും പാടാൻ തുടങ്ങി. റഹ്മാനെ വെച്ചു അലക്കുവാണ്. അതാണല്ലോ ശീലം... ആദ്യമൊക്കെ ഒരു സപ്പോർട്ട് ഉണ്ടായിരുന്നു. പിന്നെ പൂർണ്ണമായും ഇല്ലാതെയായി. സവനണ്ണൻ പോലും സപ്പോർട്ട് ഇല്ല. അവസാനം ഞാനും അഖിലും മാത്രം. പിന്നെയാണ് വേദനയോടെ ഞങ്ങൾ മനസിലാക്കിയത്........ ബോറാണ്. സത്യം മനസിലാക്കിയ സ്ഥിതിക്കു ഞാൻ വണ്ടിയുടെ മുൻപിൽ തന്നെ വീണ്ടും വന്നു.
ഈ സമയം വണ്ടി സിറ്റിയിൽ നിന്നു ഒരുപാടു നീങ്ങിയിരുന്നു ... സമയം ഒൻപതു മണി കഴിഞ്ഞിരിക്കുന്നു. ദൂരെയൊക്കെ ഓരോ ചെറിയ വെട്ടം കാണാം. വണ്ടിയിൽ നിശബ്ദത പരന്നു... വിൻഡോ സീറ്റിൽ പുറത്തേക്കു നോക്കിയിരുന്നു. തണുത്തകാറ്റ് മെല്ലെ അടിച്ചു തുടങ്ങി. കണ്ണ് മയക്കം പിടിച്ചപ്പോൾ മനസിലായി ഉറങ്ങാനുള്ള സിഗ്നൽ ആയി എന്നു. എന്തുതന്നെ ആയാലും ഇരുന്നും, നിന്നും ഉറങ്ങാൻ ഞാൻ തയാറല്ല. എനിക്ക് നീണ്ടു നിവർന്നു കിടുവായി തന്നെ കിടക്കണം. ബ്രസീലിന്റെ ജേഴ്‌സിയും,ഒരു കറുത്ത ലുങ്കിയും ആണ് ഞാൻ ഇട്ടിരുന്നത്. പിന്നെ ഒന്നും നോക്കിയില്ല വണ്ടിയുടെ തറയിൽ നീണ്ടു നിവർന്നു കിടന്നു. ഇനി രാവിലെ മനാലി എത്തുമ്പോൾ എണീക്കാമെന്നു കരുതി...വണ്ടിയുടെ കുലുക്കം എന്റെ വയറിന്റെ കുലുക്കവും എല്ലാം കൂടെ ആയപ്പോഴേക്കും ഉറക്കം വരാതെയായി. പിന്നെ എങ്ങനെയോ ഡിങ്കനെ മനസ്സിൽ ധ്യാനിച്ചു കണ്ണടച്ചു കിടന്നു. എപ്പഴോ എങ്ങനെയോ ഉറങ്ങി ഉണർന്നപ്പോൾ വണ്ടി നിർത്തിയിട്ടേക്കുവാണ്. മനാലി എത്തിയോ? ആകെ ഒരു ആശങ്ക. വണ്ടിയിൽ പകുതി പേരെ കാണുന്നില്ല. വെളിയിൽ ഇറങ്ങിയപ്പോൾ ഏതോ ഒരു സ്ഥലം. അവിടെ അജ്മൽ നിക്കുന്നു അവനോടു ഞാൻ ചോദിച്ചു, എവിടെത്തി? മനാലി എത്തിയിലല്ലോ?
ഒരു വട്ടം മനാലി വന്നതു കൊണ്ടു മനാലി കണ്ടാൽ തിരിച്ചറിയാനുള്ള പ്രായമൊക്കെ എനിക്കായി.. വീണ്ടും ഓനോട് ചോദിച്ചു എവിടാട ?കുറച്ചു ദൂരമെങ്കിലും വന്നോ..? അപ്പോൾ അവൻ പറഞ്ഞു നമ്മളെവിടുന്നു വിട്ടോ അവിടെ തന്നെയുണ്ട് എന്നു... 96ൽ സേതുപതി പറയുനന്നേന് മുന്നേ എന്റെ അജ്മൽ മോൻ ഈ സീൻ പണ്ടേ വിട്ടതാ. ദേഷ്യം കയറി കാര്യം തിരക്കി.. സംഭവം എന്താണന്നുവെച്ചാൽ ഇവന്മാർക്ക് ഇവിടെ വെച്ചു തന്നെ ഡ്രൈവർ മാറുന്ന ഏർപ്പാട് ഉണ്ട്. ആ ഡ്രൈവർ മോൻ ഇവിടെ നിന്നാണ് കയറും എന്നു പറഞ്ഞത് ആ മോൻ ഇതുവരെ വന്നില്ല എന്നു... ആ മോൻകുട്ടനെ കാത്തിരുന്ന സവനണ്ണൻ ഒരു സിനിമ മുഴുവൻ അവിടെയിരുന്നു കണ്ടു തീർത്തു. പാതിരാത്രി വന്ന നമ്മൾ രാവിലെ ആയിട്ടും എവിടെയോ ഏതോ മോനെ കാത്തു ഇരിക്കുവാ. ഉള്ളിലെ കൊല്ലക്കാരന്റെ സ്വഭാവം പുറത്തു വന്നു തുടങ്ങി. അഖിൽ കാര്യം പറഞ്ഞു. ഞങ്ങൾക്ക് പെട്ടന്ന് പോകണം. എന്തായി..പുള്ളി പറഞ്ഞു ഡ്രൈവർ വന്നില്ല നമുക്കു ഇനിയിവിടുന്നു രണ്ടു കാറിലായി പോകാം. ട്രാവലർ ഓടിക്കാൻ ആളില്ല എന്നു.. അവനു മനസ്സിലായാലും ഇല്ലേലും ഞാൻ പറഞ്ഞു അടുത്തു പള്ളി ഉണ്ടേൽ മോൻ അവിടെ ചെന്ന് സൈഡ് ചേർന്നു നിന്നു പറഞ്ഞാൽ മതിയെന്ന് ..

കാര്യങ്ങൾ തർക്കത്തിലേക്ക് പോയി ക്യാഷ് തിരിച്ചു തരണം എന്നൊരു വാദം ഞങ്ങൾ ഉന്നയിച്ചപ്പോൾ പുള്ളി എവിടുന്നോ ഒരു ഡ്രൈവറിനെ പൊക്കി കൊണ്ടു വന്നു. പോകാൻ നേരം എനിക്ക് അവനോടുള്ള കലിപ്പ് തീർന്നിട്ടില്ല. വെറുതെ ഒരു രാത്രി മുഴുവൻ ഞങ്ങളുടെ കളഞ്ഞു.. പുതുതായി വന്ന മച്ചാൻ കിടു ആണെന്ന് തോന്നുന്നു. പുള്ളി ഒരു ‘ലേ’ ഓട്ടം കഴിഞ്ഞു വന്നതെയുള്ളൂ. പുള്ളി കത്തിച്ചു വിട്ടു...

സമയം അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കുന്നു. മനാലി അടുക്കും തോറും റോഡിലെ ബ്ലോക് കൂടി കൂടി വരുന്നുണ്ട്. രണ്ടു വർഷത്തിന് മുൻപ് വന്ന റോഡല്ലയിപ്പോൾ കാണുന്നതു. പലയിടവും പണിതുടങ്ങി വികസിക്കുകയാണ്‌. ലോകത്തിലെ ഒരുവിധം എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള ജനങ്ങളെയിവിടെ കാണാം.. ബ്ലോക്ക് എന്നു പറയുന്നത്‌ വട്ടടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. സമയം പതിനൊന്നായി. വണ്ടി മെല്ലെ മെല്ലെ ഇഴഞ്ഞു നീങ്ങുന്നു ആ സമയമാണ് ട്രെയിനിൽ നിന്നും പരിചയപ്പെട്ട സജാദും, അബുവും അഖിലിന്റെ ഫോണിൽ വിളിച്ചത് അവർ മനാലി എത്തിയെന്നറിയിച്ചു... വഴിമദ്ധ്യേ പരിചയപ്പെട്ട അവർ നേരത്തെ തന്നെ ഡൽഹിയിന്നു മനാലി പോകാനുള്ള ബസ് ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു...

സമയം പന്ത്രണ്ടാകാറായി. മനാലി എത്തിയിരുന്നു.
വീണ്ടും മനാലി..ലോകത്തിന്റെ മുകൾതട്ടുകളിൽ ഉള്ള ഒരു ചെറിയ സൗന്ദര്യമുള്ള പട്ടണം...മനാലിയെ അങ്ങനെ വിളിക്കുവാനാണ് എനിക്കിഷ്ട്ടം. മനാലി, ഓൾഡ് മനാലി,ന്യൂ മനാലി എന്നിങ്ങനെയാണ് ന്യൂ മനാലി തീർത്തും ഒരു ഷോപ്പിംഗ് സ്പോട്ടാണ്... ഓൾഡ് മനാലിയിലാണ് ഹിഡുംബി ടെമ്പിൾ,വസിഷ്ഠ ടെമ്പിളോക്കെയുള്ളത്. ഹണിമൂൺ കപ്പിൾസ്, ബാക് പാക്കേഴ്‌സിന്റെ പ്രിയപ്പെട്ട വിനോദകേന്ദ്രം..

വണ്ടി ഞങ്ങളുടെ ബുള്ളറ്റ് റെന്റ് കടയിലേക്ക് നീങ്ങി. യാത്ര തുടങ്ങുന്നതിന് മുന്നേ തന്നെ വിളിച്ച് പറഞ്ഞ് ബൈക്കുകൾ എല്ലാം നമ്മൾ മനാലിയിൽ സെറ്റ് ചെയ്തിരുന്നു. റ്റെൻസിൻ എന്നു പറയുന്ന മച്ചാനായിരുന്നു അതെല്ലാം ചെയ്തത്. കാത്തിരിപ്പിന് വിരാമമായി. വണ്ടി റ്റെൻസിന്റെ റെന്റ് കടയുടെ മുന്നിലെത്തി. പതുക്കെ പെട്ടിയും കിടക്കയുമെല്ലാമെടുത്തു വെളിയിലിറങ്ങി ബാക്കി കൊടുക്കാനുള്ള ക്യാഷും കൊടുത്തു ടാറ്റയും കൊടുത്തു ഡ്രൈവർ മച്ചാനെ നമ്മൾ പറഞ്ഞു വിട്ടു.

റ്റെൻസിൻ നിറഞ്ഞ പുഞ്ചിരിയോടെ ഒരു ഹസ്തദാനവും സമ്മാനിച്ചു കൊണ്ട് ഞങ്ങളെ വരവേറ്റു.

റ്റെൻസിന്റെ ഷോപ്പിന്റെ തൊട്ടു പുറകിൽ തന്നെ തല കുത്തി മറിഞ്ഞു തിരിഞ്ഞു ബഹളം വെച്ചു ഒഴുകുകയാണ് നമ്മുടെ ബയാസ് നദി. ട്രിപ്പിന്റെ സെറ്റ് ലിസ്റ്റിൽ ഉള്ളയൊന്നാണ് മൂന്നു ദിവസത്തെ ട്രെയിൻ വാസം കഴിഞ്ഞു ബയാസ് നദിയിലൊരു കുളി. എല്ലാവരും റ്റെൻസിന്റെ കടയിൽ പോസ്റ്റായി ഇരിക്കുവാണ് എനിക്കാണേൽ വിശന്നു തുടങ്ങി അവസാനമായി നമ്മുടെ സർക്കാരിന്റെ റൊട്ടി കഴിച്ചതാ. വയറു വിശന്നു ചൂളം വിളിച്ചപ്പോൾ ഞാൻ സവനണ്ണനെ സമീപിച്ചു. ഞങ്ങൾ അപ്പുറത്തെ ഒരു കടയിൽ പോയി കുറച്ചു പഴവും ഒരു കവർ പാർലെ ജി ബിസ്ക്കറ്റും മേടിച്ചു, അതു കൊണ്ടുപോയി കഴിച്ചു. കുറച്ചൊന്നു ശമനമുണ്ടായി. ബൈക്കു കാര്യങ്ങളിൽ ഒരു വിധം എല്ലാം സെറ്റ് ചെയ്തു പതുക്കെ ഓരോത്തർ നദിക്കരയിലേക്കു പോയി തുടങ്ങി. ഇതിനിടയിൽ സജാദും, അബുവു വന്നിരുന്നു…

ബയാസ് നദി ഒന്നിനേം വക വെക്കാതെയങ്ങു ഒഴുകുവാണ്. ചെറുതും വലുതുമായ ഉരുളൻ കല്ലുകൾ അതിൽ തട്ടി ചിതറി കണ്ണാടി പോലെ ഒഴുകുന്ന നദി.. ഓരോത്തരായി ഇറങ്ങി തുടങ്ങി.. ഇട്ടിരുന്ന തുണിയും മണിയുമെല്ലാം അഴിച്ചു കളഞ്ഞു ഒരു കുട്ടി തോർത്തുമുടുത്തു ഞാനുമിറങ്ങി. നല്ല ഒഴുക്കും വഴുക്കലുമുണ്ട്. അൻസറിന്റെ കയ്യ്‌പിടിച്ചു പതുക്കെ ഉള്ളിലൊട്ടു ഇറങ്ങി അരക്കൊപ്പം വെള്ളം എത്തിയപ്പോൾ അറിഞ്ഞു തണുപ്പിന്റെ കാഠിന്യം. അടുത്തുള്ള കല്ലിൽ ബലമായി പിടിച്ചുകൊണ്ടു മൊത്തത്തിലൊന്നു മുങ്ങിനിവർന്നു, എല്ലാം അടിച്ചു പൊട്ടിച്ചുകൊണ്ടു നൂറിരട്ടിയായി ഉണർന്നു ..ശരീരം മാത്രമല്ല ആന്തരാവയവങ്ങൾ വരെ തണുത്തു കയറി... നമ്മളിതുവരെ കാണാത്ത ലോകങ്ങൾ കാണുമ്പോഴും ഓരോന്നോരോന്നായി അനുഭവിക്കുമ്പോഴും എന്തൊക്കെയോ വെട്ടിപിടിച്ച സന്തോഷമാണ് ഉള്ളിന്റെയുള്ളിൽ.. എനിക്ക് പുറകെ അജിത്തുമിറങ്ങി ശരത്തും, വിശാഖും, ആശിഷും എല്ലാവരുമിറങ്ങി. അത്രയും നേരം എല്ലാവരുടെയും മുഖത്തു ഉണ്ടായിരുന്ന ക്ഷീണം നദിയിലെ വെള്ളത്തിന്റെ കൂടെ ഒലിച്ചുപോയ്കൊണ്ടേയിരുന്നു ലോകത്തെ വലിയ മലകളിൽനിന്നും ഉരുകി വരുന്ന വെള്ളത്തിൽ കുളിക്കാൻ കിട്ടുന്ന അവസരങ്ങൾ ജീവിതത്തിലയൊരു അനുഭവമായി എടുത്തു കൊണ്ട് തണുപ്പ് സഹിച്ചിട്ടും വീണ്ടും വീണ്ടും വീണ്ടും മുങ്ങി....... ഒരുപക്ഷേ ഇതേ പോലെയുള്ള അനുഭവങ്ങൾ ജീവിതത്തിലില്ലേൽ അതിനെ ജീവിതമെന്ന് തന്നെ വിളിക്കുവാൻ കഴിയുമോ എന്നുള്ളതു സംശയമാണ്. എന്റെ മുന്നിലായി ഇപ്പോഴുള്ളത് ഒരു നദിയാണ്. അതിന്റെ ഉറവിടമായ വെള്ളിമാമലകളിൽ ഇപ്പോൾ സൂര്യൻ മാറി ചന്ദ്രൻ നീല വെട്ടം വിതറാൻ തയാറെടുക്കുകയായിരിക്കും.....