ആംസ്റ്റർടാം

Vishu Satheeshan
blog-imageആംസ്റ്റർടാം എത്തി… മൂന്നു ദിവസം നഗര കാഴ്ചകൾ കണ്ടു കഴിഞ്ഞ്, ഏതേലുമൊരു ഗ്രാമത്തിലേക്ക് പോകാം എന്ന് തീരുമാനിച്ചു. സൈക്കിളുകളുടെ നാടായ ആംസ്റ്റർഡാമിൽ നിന്നും രണ്ടു സൈക്കിൾ വാടകയ്ക്കു എടുത്തു ഇരുപതു കിലോമീറ്റർ ദൂരേയുള്ള പുർമിറൻഡ് എന്നൊരു ഗ്രാമത്തിലേക്ക് വെച്ചു പിടിച്ചു. ആ യാത്ര തന്നെയായിരുന്നു നെതർലൻഡ് യാത്രയുടെ മനോഹാരിത കാട്ടി തന്നതും... നഗരത്തിൽ നിന്നും ഗ്രാമ കാഴ്ചകളിൽ വരും തോറും നെതർലൻഡ് തന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് മാറി കഴിഞ്ഞിരുന്നു.

നീണ്ടു നിവർന്നു കിടക്കുന്ന റോഡിന്റെ സൈഡുകളിൽ ചെറിയ കനാലും അതിന്റെ അപ്പുറം ചെറിയ വീടുകളും,വിൻഡ് മിൽസും,കൃഷി പാടങ്ങളും. നേരം സന്ധ്യ ആയതിനാൽ വീടുകളിൽ വെട്ടം വീണു തുടങ്ങി... ഒരുവിധം വീടിന്റെ പരിസരത്തു കുതിരാലയങ്ങളും കാണാം... ഏകദേശം 12 കിലോമീറ്റർ നീളൻ റോഡ് മുറിച്ചു കടന്നാൽ പുർമിറൻഡ് എത്തും. കാറ്റിനാൽ പ്രശസ്തമായ നാടായതിനാൽ അതിനെതിരെ സൈക്കിൾ ചവിട്ടുക വലിയ പാടുള്ള പണിയായിരുന്നു...

രാത്രിയടുപ്പിച്ചു പുർമിറൻഡ് എത്തിപെട്ടു. പച്ച പുല്ലുകളാൽ വിരിക്കപ്പെട്ട മനോഹരമായ ഗ്രാമം. ഒരു ദിവസമവിടെ തങ്ങി. പിറ്റേന്ന് പുലർച്ചെ സൈക്കിൾ എടുത്തു ഗ്രാമ വീക്ഷണത്തിനിറങ്ങി. നെതർലൻഡ് ബക്കറ്റ് ലിസ്റ്റിൽ ഉള്ള ഹാരിങ് ഫിഷ് കഴിക്കുക എന്നതാണ് അടുത്ത പരിപാടി. ചുരുക്കത്തിൽ നമ്മുടെ മത്തി... ഹാരിങ് ഫിഷും ഹോളണ്ടും(അതായത് ഇപ്പോഴത്തെ നെതർലൻഡ്സും) തമ്മിലുള്ള ബന്ധത്തിന് 1000 വർഷത്തിലേറെ പഴക്കമുണ്ട്. ഹോളണ്ടിന്റെ സമ്പത്തും കടൽ വ്യാപാരവും കോളനിവൽക്കരണവും ഹാരിങ് കാരണമാകുമെന്നാണ് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നത്. ഹാരിങ് ഫിഷിന്റെ അസ്ഥികളിലാണ് ആംസ്റ്റർഡാം നിർമ്മിച്ചതെന്ന ഒരു പ്രാദേശിക പഴഞ്ചൊല്ലുമുണ്ട്.

രണ്ടു സുന്ദരി കുട്ടികളുള്ള ഒരു സീ ഫുഡ് കടയിലേക്ക് ചെന്നുകയറി. ചിരിച്ചു കൊണ്ട് അവർ ഞങ്ങളെ വരവേറ്റു. കാര്യം പറഞ്ഞു. നൊടിയിടയിൽ സംഭവം റെഡി.. പകുതി വെന്ത മീനിന്റെ മുകളിൽ എന്തൊക്കെയോ സോസ് ഒഴിച്ചു, ഉള്ളി വിതറിയാണ് നമ്മുക്കു തരുന്നത്. കണ്ടപ്പോൾ കഴിക്കാൻ ഒരു മടി തോന്നിയെങ്കിലും ഒരു പീസ് കഴിച്ചു... രണ്ടു പ്ളേറ്റ് മേടിച്ച ഞങ്ങൾ ഒരു പ്ളേറ്റ് കൂടെ പിന്നെയും ഓർഡർ ചെയ്തു കഴിച്ചുവെങ്കിൽ സ്വാദിന്റെ കാര്യത്തിൽ ഒരു വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു. അതു സെർവ് ചെയ്തവരുടെ ചിരിയും മത്സ്യത്തിന്റെ രുചിയും കൂടെ ആയപ്പോൾ ഉള്ളു നിറഞ്ഞു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ആ രാജ്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിന് നന്ദി പറയുന്ന ഒന്നാണ് ഈ വെള്ളി മൽസ്യം… ആംസ്റ്റർഡാമിലെ പെടൽസ് -വിഷു സതീശൻ